This blog is written in Malayalam, language of Kerala, God's own country, the southern state of India. If the pages are not readable, please download Malayalam Unicode Font "AnjaliOldLipi". Please click here to download the font.

സ്വാഗതം

എന്റ്റെ ഈ കുറിപ്പുകളിലൂടെ പഴയകാലത്തേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഞാന്‍... പഴയ കൂട്ടുകാരേയും കൂട്ടുകാരികളേയും ഓര്‍ക്കുവാന്‍ അവരുടെ ചങ്ങാത്തതിന്റെ മധുരവും ചവര്‍പ്പും അയവിറക്കുവാന്‍, പിന്നെ ഈ വര്‍ത്തമാനത്തിലെ തിരക്കുകളില്‍ നിന്നും ഒരിടവേള തേടുവാന്‍... അതാണ് ഈ കുറിപ്പുകളുടെ ഉദ്ദേശം... ജീവിതത്തിന്റ്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നമുക്ക് ഗൃഹാതുരത്വത്തിന്‍റ്റെ ഈ തണലില്‍ അല്പം വിശ്രമിക്കാം, പിന്നെ വീണ്ടും കണ്ടുമുട്ടും വരെ യത്ര തുടരാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ...

Thursday, April 12, 2007

സമ്പല്‍‌സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍‌റ്റെയും വിഷു...

പണ്ട്....

സമ്പല്‍‌സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍‌റ്റെയും വിഷു...
മണ്ണിന്റെ, വിയര്‍പ്പിന്റെ, അദ്ധ്വാനത്തിന്റെ വിഷു......
കൃഷിയുടെ, വിളവെടുപ്പിന്റെ ഓര്‍മ്മകലുണര്‍ത്തുന്ന വിഷു....

ഇന്ന്

എല്ലാം കച്ചവടമാക്കുന്ന നമുക്ക് കൊന്നപ്പൂക്കള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വില്‍ക്കാന്‍ ഒരു ആഘോഷം കൂടി....കണിവെള്ളരിയും, കോടിയും, കൊന്നയും, കണ്ണനും, കണ്ണാടിയും എല്ലാം ഒരൊറ്റ ബാഗില്‍ കിട്ടിയാല്‍ നമുക്ക് സന്തോഷം.....ഈ വിഷുവിനെങ്കിലും നമുക്ക് കൃഷിയേയും കര്‍ഷകനേയും ഒന്നോര്‍ക്കാന്‍ ശ്രമിക്കാമല്ലേ....


“ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും, ഇത്തിരി കൊന്നപ്പൂവും“


- വൈലോപ്പിള്ളി ശ്രീധരമേനോന്‍

Sunday, March 4, 2007

യാഹുവിന് എന്തുമാകാമോ?

(ലോഗോ- കടപ്പാട് - ഹരീ )
യാഹൂ - എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ബ്ലോഗ് കണ്ടെണ്റ്റ് മോഷണത്തിലുള്ള എന്റെ ശക്തമായ പ്രതിഷേധം ഇതിലൂടെ അറിയിക്കട്ടെ....ഇത്ര വലിയ ഒരു കമ്പനി ഇത്ര ചീപ്പായി പെരുമാറാമോ? ഷയിം ഷയിം...

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക - പ്രശ്നം എന്ത്?; എങ്ങനെ പ്രതികരിയ്ക്കണം?

കടപ്പാട്: ഹരീ, & സു

Saturday, March 3, 2007

ഇത് ലയോള.....ഇത് ലയോള.....

ഇവിടുത്തെ ക്ലാസ്മുറികളില്‍ നിന്നും ഞാന്‍ നേടിയത് അറിവിന്റെ മണിമുത്തുകള്‍ മാത്രമല്ല... സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ, പ്രണയത്തിന്റെ തൊട്ടറിവുകളും....

വെളുപ്പിനു, ഹോസ്റ്റലിനടുത്തുള്ള പള്ളിയില്‍ കുമ്പാസരിയ്ക്കാന്‍ വരുന്ന ലലനാമണികളുടെ, ഒരു നോട്ടത്തിനും വാക്കിനുമായി.... അലാറം വച്ചെഴുന്നേറ്റ്... ഭജനപ്പാട്ട് പാടിയതിന്... ഹോസ്റ്റല്‍ വാര്‍ഡന്‍ താക്കീത് ചെയ്തപ്പോള്‍... ഇത് ഞങ്ങളുടെ മതപരമായ ആവശ്യമെന്നു പറഞ്ഞ്... കര്‍ണ്ണകഠോരം വാദിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍, വക്കീല്‍....

ആരെങ്കിലും പ്രേമിയ്ക്കുന്ന പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് പ്രേമിയ്ക്കുകയും, ചോദിച്ചാല്‍... ഇപ്പോഴുള്ളവനെ പിടിച്ച് പുറത്തിട്ടിട്ട് ആ ഹൃദയത്തില്‍‌ക്കയറിയിരിയ്ക്കുന്നതിന്റ്റെ സുഖം ഒന്നറിയണ്ടെ മോനെ.... എന്ന് പറഞ്ഞ് ഒരു കോളേജ്കാലം മുഴുവന്‍ പ്രേമനായകനായ എന്റെ പ്രിയപ്പെട്ട നിത്യഹരിതനായകന്‍...
പഞ്ചാരയടിയില്‍ മയങ്ങി തേങ്ങ പൊതിയ്ക്കാന്‍ വച്ചിരുന്ന പാരയില്‍ ഇരുന്നിരുന്നില്ല എന്നമട്ടില്‍ ചാരിനിന്ന് തിളച്ചചായ ഒറ്റ വലിയ്ക്കു കുടിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സുന്ദരന്‍...

മറിച്ചു ചൊല്ലും ചിന്നക്കഥകളും പിന്നെ മാനേജ്മെന്റിന്റെ വലിയ പാഠങ്ങളും പഠിപ്പിച്ച പ്രിയപ്പെട്ട അച്ചനല്ലാത്ത അച്ചന്‍...
ചിക്കന്‍പോക്സ് പിടിച്ച അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റായപ്പോള്‍, പവം എനിയ്ക്കു തരാന്‍, ‘ജോര്‍ജ്ജച്ചോ... വെറും മൂന്ന് കരിയ്ക്ക്’ എന്ന് പറഞ്ഞ് കോളേജ് കൊപൌണ്ടിലുള്ള എല്ലാ തെങ്ങിലേയും കരിക്കുകളെല്ലാം വെട്ടി, മൂന്നഴ്ച സ്റ്റോക്ക് ചെയ്ത് വെള്ളമടിച്ച എന്റെ പ്രിയ കൂട്ടുകാര്‍..

ഞാന്‍ ആശുപത്രിയിലായതിനാല്‍ അവസാനവര്‍ഷം ഗ്രൂപ്പ് ഫോട്ടോ സെഷന്‍ മാറ്റിവയ്ക്കാന്‍ പറഞ്ഞ എന്റെ കൂട്ടുകാര്‍; അതിനു തയ്യാറാകാത്ത മാനേജ്മെന്റിനും, കാലുമാറിയ കരിങ്കാലികള്‍ക്കും മറുപടിയായി ഫോട്ടോ സെഷന്‍ ബഹിഷ്കരിച്ച്, ആശുപത്രിയില്‍ എന്റെ കിടക്കയ്ക്കരികില്‍ നിന്നു കണ്ണുനിറഞ്ഞ് എന്നെ നോക്കിച്ചിരിച്ച് എനിയ്ക്കോപ്പം നിന്ന എന്റെ പ്രിയപ്പെട്ട കാമുകി...
ഒരു തിരഞ്ഞെടുപ്പിന്റെ ചൂടില്‍, കൂടെ പഠിയ്ക്കുന്ന പ്രിയ കാമുകിയുമായുള്ള എന്റെ അടുപ്പം പുറത്തറിഞ്ഞാല്‍, കോളേജ് ഇലക്ഷനില്‍ സെറ്റ് ബാക്കുണ്ടാകുമെന്ന് പറഞ്ഞ്... എന്റെ ചെവിയില്‍ സരസ്വതിയോതിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍, രാമന്‍..പിന്നീടൊരിയ്ക്കല്‍ അവളെ വിളിച്ചിറക്കി ഒരു വിപ്ലവം പോലെ കല്യാണം കഴിക്കുമ്പോള്‍, രാത്രിയ്ക്കു രാത്രി സഹായവുമായി ഓടിയെത്തിയ അവന്റെ സ്നേഹം..
വിശാലമായ കോളേജിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇടുങ്ങിയ ടോയ്‌ലറ്റിനുള്ളിലാണ് എന്നു പറഞ്ഞഹങ്കരിച്ചിരുന്ന പ്രായത്തിന്റെ ഓര്‍മ്മകള്‍... ഇനിയുമുണ്ട്... പിന്നെയെഴുതാം അപ്പോള്‍ പിന്നെക്കാണാം...
പിന്നെ ഓര്‍മ്മകളേ തഴുകുന്ന ചില നിമിഷങ്ങള്‍......

പ്രിയകാമുകിയുമൊത്തുള്ള ഒരമൂല്യനിമിഷം... അവളോ കണ്ണടച്ചിരുട്ടാക്കാനൊരുശ്രമവും...!!!

ഒരു യൂണിയന്‍ കാലം.... പ്രിയപ്പെട്ട കൂട്ടുകാരെ..നിങ്ങളെ മറക്കാനോ?
Saturday, January 27, 2007

എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..

ഇതിലെ ആദ്യവരി ചൊല്ലിത്തന്നത്, ഒരു പ്രണയനൈരാശ്യത്തിന്റെ പടുകുഴിയില്‍ വീണ നമ്മുടെ ഒരു അണ്ണനാണ്.... തേവര മട്ടുമ്മല്‍ ഷാപ്പിലെ ഉള്‍മുറിയിലിരുന്ന് വികാരഭരിതനായി നമ്മുടെ അണ്ണന്‍ പറഞ്ഞു... അളിയ, അവളുപോയളിയ.... അവളിപ്പം... മറ്റെ‌ (ഡാഷ്മോന്റ്റെ) കുടെയാണളിയ..... എന്റ്റെ കാശുപോയളിയ.. കാന്റ്റീന്‍ മുതല്‍ കാരവന്‍ വരെ അവളെ എഴുന്നള്ളിച്ചുനടന്ന് എന്റ്റെ അപ്പന്റ്റെ കാശുപോയളിയ...(കാരവന്‍ - എറണാകുളത്ത് പണ്ട് ഏറെ പ്രശസ്തമായിരുന്ന, സെയിന്റ്റ് തെരേസാസിനടുത്തുള്ള ഐസ്‌ക്രീം പാര്‍ലര്‍)

പിന്നിട് ഒരു തമാശയ്ക്ക്.... അതൊരു കവിതയാക്കി.... കൂട്ടത്തിലൊരുവനെക്കൊണ്ട്... ആര്‍ട്സ് ഫെസ്റ്റിവലിന് പാടിച്ചതും....അണ്ണനും എക്സ്-അണ്ണിയും കൂടി....സരസ്വതി പാടി സ്തുതിച്ചതും... വേറൊരു കഥ....ആളറിയാതിരിയ്ക്കാന്‍ ഇപ്പോള്‍ കവിതയില്‍ ചില വരികള്‍ എടുത്ത് മാറ്റിയിട്ടുണ്ട്, പിന്നെ അവിടെയിവിടെ സ്വല്പം മാറ്റവും വരുത്തിയിട്ടുണ്ട്.


മുന്‍ കുറിപ്പ്:
ഈ കവിത.... ഒരു ചുള്ളിക്കാടന്‍ ശൈലിയിലൊ, കടമ്മനിട്ട രീതിയിലൊ ചൊല്ലാം...

‘കാന്റ്റീന്‍‍’ മുതല്‍ ‘കാരവന്‍’ വരെ
കീശയിലെ കാശെല്ലാം തീര്‍ന്നു...
കടക്കണ്ണിന്‍ മുനയാല്‍ കുരുക്കി സുന്ദരിയെന്നെ

വലച്ചു നിത്യവും നിന്നെക്കാത്തു ഞാന്‍ ബസ്റ്റോപ്പില്‍...

ഒഴുകും തിരക്കില്‍ ‘രാജ്കുമാറും മഹേഷും
അംബിളി സോണിയായും’
പറന്നു പോകുന്നതും നോക്കി ഞാന്‍ നില്‍ക്കവേ....
കടന്നു വന്നു നീ ‘നവാസി’നുള്ളിലായി...
(രാജ്കുമാര്‍ മഹേഷ് അംബിളി സോണിയ, നവാസ് - എന്നത്, അന്തക്കാലത്ത്, തേവരക്കോളേജിനുമുന്നിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന പ്രൈവറ്റ്ബസുകളുടെ പേരുകള്‍.)

മതിമറന്നു ഞാന്‍ നിന്നെനോക്കിടവേ, വണ്ടി നീങ്ങുന്നു
പിന്നെ ഞാന്‍ തൂങ്ങുന്നു ഫുട്ബോര്‍ഡില്‍...
കിളിയുടെ വായിലെ സരസ്വതി കേള്‍ക്കാതെ,

നിന്‍ മന്ദഹാസത്തില്‍ ഞാന്‍ ഞെളിഞ്ഞീടവേ..

‘ലുലു’ വിലെ കുളിര്‍മ്മയില്‍ ‘സല്ലാപം’ കാണവേ...
പ്രേമപാരവശ്യത്താലെന്‍ കയ്യ് പിടിച്ച്,
ഞാനില്ലാതൊരു ജീവിതം നിനക്കു,

ജാമില്ലാത്തോരു ബ്രഡ്ഡെന്നു ചൊല്ലി നീ...
(‘ലുലു’ - എറണാകുളത്തെ പ്രശസ്തമായ മിനി തീയറ്റര്‍.)

ഈ ലൊകം നേടിയന്നോര്‍ത്തന്നു ഞാന്‍...
അന്തിയടി നിറുത്തി, പിന്നെ വലി നിറുത്തി...
കൂട്ടുകാര്‍ക്കിടയിലൊരു മണ്ടനായി....

പെണ്ണില്‍ മയങ്ങിയ മന്ദനായി...

അത്തറായി...പുത്തന്‍ സിനിമയായി...

ഒത്തിരി ഒത്തിരി സ്വപ്നമായി...
നിന്റ്റെ കയ്കളില്‍ കങ്കണം ഏറെയായി..

എന്റ്റെ കയ്യിലെ പുത്തനോ... ചക്രമായി...

അപ്പോഴോ പുത്തനൊരുത്തനെത്തി,
പത്ത്‌പുത്തന്‍ പറത്തിയോന്‍ പകിട വച്ചു
കീശക്കനം പിന്നെ തൂക്കിനോക്കി,
നീയാ മറ്റവന്‍റ്റൊപ്പം ഒട്ടിനിന്നു.

നിന്റ്റെ പഞ്ചാരപുഞ്ചിരി പാല്‍ക്കുഴമ്പില്‍
വീണൊരീച്ചപോലന്നെ നീ തൂത്തുമാറ്റി..
അപ്പഴും നീയെന്റ്റെ കീശ നോക്കി....
എന്നിട്ട് മറ്റവന്റ്റൊപ്പം നടന്നുനീങ്ങി,,,

എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..
എന്റ്റെ മോഹങ്ങളൊന്നായ് തകര്‍ത്തവളെ...
എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..
എന്റ്റെ മോഹങ്ങളൊന്നായ് തകര്‍ത്തവളെ...

Friday, January 26, 2007

നീ എവിടെ പോയിക്കിടക്കുവായിരുന്നെടി?

നീ എവിടെ പോയിക്കിടക്കുവായിരുന്നെടി? കേള്‍ക്കുന്നവര്‍ക്ക് നിസ്സാരമായി തോന്നാവുന്ന ഒരു നിഷ്ക‍ളങ്കമായ ചോദ്യം.... ഏതോരു പുരുഷനും തന്റ്റെതെന്നു കരുതുന്ന ഏതോരു സ്ത്രീയോടും ചോദിയ്ക്കാന്‍ സാദ്ധ്യതയുള്ള ഒരു ചോദ്യം... ഈ ‘അണ്ഡകടാഹത്തില്‍’ ( വൈക്കം മുഹമ്മദ് ബഷീറിനു കടം), അങ്ങനെ ചോദിയ്ക്കാത്ത ഒരു മലയാളി പുരുഷനോ? ശിവ, ശിവ....

ആ അവകാശം ഒരിയ്ക്കല്‍ നമ്മുടെ ഒരു അണ്ണന്‍ എടുത്തങ്ങ് പ്രയോഗിച്ചു.... ബസ്സ്റ്റോപ്പില്‍ കാത്തുനിന്ന്, കാത്തുനിന്ന് കാലുകിഴച്ച് അവശനായ കാമുകനണ്ണന്‍... കാമുകിയണ്ണി വന്നതും ഒറ്റ ചോദ്യം.... എടീ.... നീ എവിടെ പോയിക്കിടക്കുവായിരുന്നെടി?

മലയാളം പറഞ്ഞാല്‍ തലമുട്ടയടിയ്ക്കുന്ന സ്കൂളില്‍ പഠിച്ച . മലയാലം കുരച്ചു കുരച്ചു മാത്തരം പരയുന്ന കാമുകിയണ്ണി ആദ്യം ഞെട്ടി.... പിന്നെ പൊട്ടിത്തെറിച്ചു.... ഞാനോ? കിടക്കാനോ? വാട്ട് യൂ മീന്‍? എന്നെക്കുറിച്ച് അങ്ങനെയാണോ കരുതിയത്?

പിന്നെ നടന്ന പൂരം ഞാന്‍ പറയണോ? പാവം അണ്ണന്‍.... ഒത്തിരി പാടുപെട്ടു എല്ലാമൊന്നു ശരിയാക്കാന്‍...

Friday, January 19, 2007

ഗ്ലാമര്‍ കുറയ്ക്കാനുള്ള കഷായം

ഒരു കഥ പറയാനുള്ള തുടക്കമൊന്നുമല്ല.... വലിയ വീരസാഹസിക രോമാഞ്ച ജനകമായ പ്രണയകഥയോ, കരളലിയിക്കുന്ന “കപ്പ്” കിട്ടിയ കാര്യങ്ങളൊന്നും ഇല്ല പറയാന്‍.. കപ്പ് എന്നു ഞാന്‍ പറഞ്ഞത്, ഒരു കോളേജ് പ്രയൊഗത്തെക്കുറിച്ചാണ് - കുറച്ചുകാലമായി വളയ്ക്കാന്‍ ശ്രമിച്ചു വന്ന സുന്ദരി, “ഞാന്‍ ഒരു സഹോദരനെപ്പൊലെയാണ് കണ്ട്ത്” എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവനു കിട്ടുന്ന ഒരു ഫീലിങ്... ഒരു വേള്‍ഡ് കപ്പുകിട്ടിയ പോലെ തലയ്ക്കുള്ളിലുണ്ടാകുന്ന ആ തിരയിളക്കം.... പണ്ടൊരിയ്ക്കല്‍ ആ തിരയിളക്കം പുറത്തുകാട്ടാതിരിയ്ക്കാനായി നമ്മുടെ ഒരു അണ്ണന്‍ ഒരു നമ്മ്പര്‍ തിരിച്ചടിച്ചു... “ഞാന്‍ കുട്ടിയെ ഒന്ന് ടെസ്റ്റ് ചെയ്തതല്ലെ...എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയത്”.... ആ അണ്ണന്റെ കാര്യങ്ങളെക്കുറിച്ചെഴുതാമെന്നു കരുതിയാല്‍, അങ്ങേരിപ്പം പെണ്ണൊക്കെ കെട്ടി നല്ലനടപ്പും തുടങ്ങി.... വെറുതെ കണ്ട്തൊക്കെ എഴുതിവിട്ട്... ഒരു കുടുബം തറവാടക്കുന്നതെന്തിനാ.... പിന്നെ അങ്ങേരും വല്ല ബ്ലോഗിങ്ങും തുടങ്ങി... നമ്മുടെ കഥയൊക്കെ പുറത്തുവിട്ടാല്‍.... ഒരു നെടുമുടി വേണു സ്റ്റയിലില്‍ പറഞ്ഞാല്‍... “കഷ്ടപ്പെട്ട്..., ബുദ്ധിമുട്ടി..., പാടുപെട്ട്” നമ്മള്‍ ഭാര്യയുടെ മുമ്പിലുണ്ടാക്കിയ ഒരു ഇമേജ്.... ഓര്‍ത്താല്‍ നഷ്ടം നമുക്കു കൂടും....അതു കൊണ്ട് അണ്ണനെ വെറുതെ വിട്ടേക്കാം...ഇതു വായിയ്ക്കുന്നവര്‍ ആരെയെങ്കിലും മനസിലോര്‍ത്താല്‍.... ആ അണ്ണനല്ല ഞാനുദ്ദേശിച്ച അണ്ണന്‍...

പിന്നെ ‘എന്റെ കുമളി‘ വായിച്ച പഴയ ചില സുഹ്രുത്തുക്കള്‍.... ഓര്‍ക്കുത്തിലൂടെ ചോറിഞ്ഞു (i mean scrap)... നിന്നെ കണ്ടിട്ട് മനസ്സിലായില്ലല്ലോടന്ന്.... ഞാനീ... ഗ്ലാമര്‍ കുറയ്ക്കാനുള്ള കഷായം കഴിക്കുന്ന കാര്യം... ആരോടും പറയേണ്ടാ എന്നു കരുതിയതാ.... ഇനി വായിക്കുന്നവര്‍ക്കു കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ ഇതാ.... എന്റ്റെ രൂപപരിണാമത്തിന്റ്റെ ഒരു ഏകദേശരൂപം.... ചിത്രങ്ങളിലൂടെ....കോപ്പിറൈറ്റുണ്ട്.... ചിത്രങ്ങള്‍ കോപ്പിചെയ്യരുത്.....എനിക്കന്ന് മൂന്ന് വയസ്സ്ഹൈസ്കൂള്‍ (ചിത്രത്തിന്റ്റെ ഗ്ലാമര്‍ കൂടുതല്‍ കാരണം, ഒരിയ്ക്കല്‍ ഞാനിത് കീറിക്കളഞ്ഞാതയിരുന്നു... പിന്നെ, അമ്മയുടെ പഴയ പെട്ടിയില്‍ നിന്ന് തിരിച്ചുകിട്ടി)

പ്രീഡിഗ്രി - മീശമുളയ്ക്കാന്‍ കരടിനെയ്യ് തടവുന്ന കാലം
രാഷ്ട്രീയ നിഴലാട്ടത്തിലെ ഒരു നിമിഷം (തേവരയിലും ലയോളയിലും)
ഹോസ്റ്റല്‍ മുറിയുടെ സ്വകാര്യതയില്‍.... ലയോള, തിരുവനന്തപുരം.


പിന്നെ..... നിറുത്തട്ടെ.... പിന്നില്‍ നിന്നും ഭാര്യയുടെ മുന്നറിയിപ്പ്.... നിങ്ങളീ ആര്‍ക്കും പ്രയോജനമില്ലാത്ത പഴമ്പുരാണവും എഴുതിക്കൊണ്ടിരിക്കാതെ.... കുട്ടികളുടെ കൂടെ കുറച്ചുനേരമിരിക്ക്.... എനിയ്ക്കു കിച്ചണില്‍ വര്‍ക്കുണ്ട്....കുടുബപരമായി ബി.പിയുള്ള ആളുകളാണു ഞങ്ങള്‍.... അതുകൊണ്ട്... ഇപ്പോള്‍ നിറുത്താം....പിന്നെക്കാണാം...

പിന്മൊഴി: B.P യെന്നാല്‍ ‘ഭാര്യയെ പേടി’... എന്ന് ചില അസൂയാലുക്കള്‍ പറയും...

Monday, January 8, 2007

എന്റ്റെ കുമളി


ഞാന്‍ വളര്‍ന്ന കുമളി എന്ന കൊച്ചു പട്ടണം.... കേരളം ‘ദൈവത്തിന്റ്റെ സ്വന്തം നാടാക്കി’ വില്‍പ്പന തുടങ്ങുതിന് മുന്‍പുള്ള ഒരു കാലത്ത്, ടൂറിസമെന്നാല്‍ തേക്കടിയും കോവളവുമായിരുന്ന പഴയ കാലത്ത്, തേക്കടിയുടെ കവാടമായിരുന്ന കുമളി.

ശബരിമല സീസണില്‍ കറുപ്പുടുക്കുന്ന, ജാതിമതഭേതമന്യെ ‘ശരണമയ്യപ്പ’ ബോര്‍ഡ് വയ്ക്കുന്ന കച്ചവടക്കാര്‍ നിറഞ്ഞ കുമളി..

അടിവാരത്തെ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയെത്തുന്ന സഞ്ചാരിയ്ക്കാവശ്യമായതെന്തും ‘തേക്കിന്‍ കാട്ടിലൊളിപ്പിച്ചു ‍നല്‍കിയ കുമളി..

കെ. കെ റോഡിനുരുവശവും ജീവിതം കുരുപ്പിടിപ്പിയ്ക്കാനായി പല വേഷങ്ങള്‍ ആടിത്തിമിര്‍ത്ത അന്ത്രുമാനും, ആന്റ്റണിയും, പരമേശ്വരനും കറുപ്പയ്യയും സായിപ്പിനേയും മാദമ്മയേയും കൊണ്ടു മാത്രം ജീവിച്ചിരുന്ന കുമളി..

മാത്യു മറ്റത്തിന്റ്റെ ‘ഇറച്ചിപ്പാലത്തിലൂടെ’ കുപ്രസിദ്ധി നേടിയ നാട്..

ചക്ലിത്തെരുവും, റോസപ്പൂക്കണ്ടവും, ലബ്ബക്കണ്ടവും, സ്കൂള്‍മേടും, ഓടമേടും, ഒട്ടകത്തലമേടും, കുരിശുമലയും, ആനവച്ചാലും മന്നാക്കുടിയും, പളിയക്കുടിയും ചേര്‍ന്ന കുമളി.. തമിഴും മലയാളവും ഒരു പോലെ കൊണ്ടുനടന്ന നാട്..കുടിയേറ്റക്കാരന്റെ നാട്...

അവിടെ എനിയ്ക്കൊപ്പം കളിച്ചുവളര്‍ന്നവരെ പലരേയും കണ്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളാകുന്നു... ഹിലാല്‍, ഷുക്കൂര്‍, സലീം, ജോസഫ്, അനോജി, ജോണ്‍സണ്‍, ജയകുമാര്‍, സതീഷ്, വിദ്യ, ഷൈനി, ഷിജു, സെബാസ്റ്റ്യന്‍, ശ്യാമള, കവിത.... പിന്നെയും എത്രയോ പേര്‍.... ജിവിതത്തിന്റെ ചില വഴികളില്‍ കണ്ടുമുട്ടി പിന്നേയും വേര്‍പിരിഞ്ഞു പോകുന്നവര്‍...
അപ്പോള്‍ ബോറായിത്തുടങ്ങുന്നു..... എന്നാല്‍ പിന്നെ നിറുത്തട്ടെ.... വീണ്ടും കാണാം...

ചില ചിത്രങ്ങള്‍.....
കുമളിയിലെ പഴയ ചില സുഹ്രുത്തുക്കള്‍ക്കൊപ്പം
പഴയ ഞാന്‍ ഞങ്ങളുടെ കടയില്‍ കൂടെ രാജൂ...

കുരിശുമലയില്‍.... താഴെ അവ്യക്തമായി കുമളി


ഈ കുടിയും കൃഷിയും പിന്നെ സയിപ്പു പണിത ഈ ഡാമും.... ഇനി എത്ര നാള്‍....