ഇത് ലയോള.....
ഇവിടുത്തെ ക്ലാസ്മുറികളില്‍ നിന്നും ഞാന്‍ നേടിയത് അറിവിന്റെ മണിമുത്തുകള്‍ മാത്രമല്ല... സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ, പ്രണയത്തിന്റെ തൊട്ടറിവുകളും....
വെളുപ്പിനു, ഹോസ്റ്റലിനടുത്തുള്ള പള്ളിയില്‍ കുമ്പാസരിയ്ക്കാന്‍ വരുന്ന ലലനാമണികളുടെ, ഒരു നോട്ടത്തിനും വാക്കിനുമായി.... അലാറം വച്ചെഴുന്നേറ്റ്... ഭജനപ്പാട്ട് പാടിയതിന്... ഹോസ്റ്റല്‍ വാര്‍ഡന്‍ താക്കീത് ചെയ്തപ്പോള്‍... ഇത് ഞങ്ങളുടെ മതപരമായ ആവശ്യമെന്നു പറഞ്ഞ്... കര്‍ണ്ണകഠോരം വാദിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍, വക്കീല്‍....
ആരെങ്കിലും പ്രേമിയ്ക്കുന്ന പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് പ്രേമിയ്ക്കുകയും, ചോദിച്ചാല്‍... ഇപ്പോഴുള്ളവനെ പിടിച്ച് പുറത്തിട്ടിട്ട് ആ ഹൃദയത്തില്‍ക്കയറിയിരിയ്ക്കുന്നതിന്റ്റെ സുഖം ഒന്നറിയണ്ടെ മോനെ.... എന്ന് പറഞ്ഞ് ഒരു കോളേജ്കാലം മുഴുവന്‍ പ്രേമനായകനായ എന്റെ പ്രിയപ്പെട്ട നിത്യഹരിതനായകന്‍...
പഞ്ചാരയടിയില്‍ മയങ്ങി തേങ്ങ പൊതിയ്ക്കാന്‍ വച്ചിരുന്ന പാരയില്‍ ഇരുന്നിരുന്നില്ല എന്നമട്ടില്‍ ചാരിനിന്ന് തിളച്ചചായ ഒറ്റ വലിയ്ക്കു കുടിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സുന്ദരന്‍...
മറിച്ചു ചൊല്ലും ചിന്നക്കഥകളും പിന്നെ മാനേജ്മെന്റിന്റെ വലിയ പാഠങ്ങളും പഠിപ്പിച്ച പ്രിയപ്പെട്ട അച്ചനല്ലാത്ത അച്ചന്‍...
ചിക്കന്‍പോക്സ് പിടിച്ച അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റായപ്പോള്‍, പവം എനിയ്ക്കു തരാന്‍, ‘ജോര്‍ജ്ജച്ചോ... വെറും മൂന്ന് കരിയ്ക്ക്’ എന്ന് പറഞ്ഞ് കോളേജ് കൊപൌണ്ടിലുള്ള എല്ലാ തെങ്ങിലേയും കരിക്കുകളെല്ലാം വെട്ടി, മൂന്നഴ്ച സ്റ്റോക്ക് ചെയ്ത് വെള്ളമടിച്ച എന്റെ പ്രിയ കൂട്ടുകാര്‍..
ഞാന്‍ ആശുപത്രിയിലായതിനാല്‍ അവസാനവര്‍ഷം ഗ്രൂപ്പ് ഫോട്ടോ സെഷന്‍ മാറ്റിവയ്ക്കാന്‍ പറഞ്ഞ എന്റെ കൂട്ടുകാര്‍; അതിനു തയ്യാറാകാത്ത മാനേജ്മെന്റിനും, കാലുമാറിയ കരിങ്കാലികള്‍ക്കും മറുപടിയായി ഫോട്ടോ സെഷന്‍ ബഹിഷ്കരിച്ച്, ആശുപത്രിയില്‍ എന്റെ കിടക്കയ്ക്കരികില്‍ നിന്നു കണ്ണുനിറഞ്ഞ് എന്നെ നോക്കിച്ചിരിച്ച് എനിയ്ക്കോപ്പം നിന്ന എന്റെ പ്രിയപ്പെട്ട കാമുകി...
ഒരു തിരഞ്ഞെടുപ്പിന്റെ ചൂടില്‍, കൂടെ പഠിയ്ക്കുന്ന പ്രിയ കാമുകിയുമായുള്ള എന്റെ അടുപ്പം പുറത്തറിഞ്ഞാല്‍, കോളേജ് ഇലക്ഷനില്‍ സെറ്റ് ബാക്കുണ്ടാകുമെന്ന് പറഞ്ഞ്... എന്റെ ചെവിയില്‍ സരസ്വതിയോതിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍, രാമന്‍..പിന്നീടൊരിയ്ക്കല്‍ അവളെ വിളിച്ചിറക്കി ഒരു വിപ്ലവം പോലെ കല്യാണം കഴിക്കുമ്പോള്‍, രാത്രിയ്ക്കു രാത്രി സഹായവുമായി ഓടിയെത്തിയ അവന്റെ സ്നേഹം..
വിശാലമായ കോളേജിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇടുങ്ങിയ ടോയ്‌ലറ്റിനുള്ളിലാണ് എന്നു പറഞ്ഞഹങ്കരിച്ചിരുന്ന പ്രായത്തിന്റെ ഓര്‍മ്മകള്‍... ഇനിയുമുണ്ട്... പിന്നെയെഴുതാം അപ്പോള്‍ പിന്നെക്കാണാം...
പിന്നെ ഓര്‍മ്മകളേ തഴുകുന്ന ചില നിമിഷങ്ങള്‍......
പ്രിയകാമുകിയുമൊത്തുള്ള ഒരമൂല്യനിമിഷം... അവളോ കണ്ണടച്ചിരുട്ടാക്കാനൊരുശ്രമവും...!!!
ഒരു യൂണിയന്‍ കാലം.... പ്രിയപ്പെട്ട കൂട്ടുകാരെ..നിങ്ങളെ മറക്കാനോ?